Thursday, November 5, 2009

IFFK 2009 മാധ്യമ വിദ്യാര്‍ഥികള്‍ക്കായി പ്രസ്‌ മെന്റര്‍ഷിപ്പ്‌ പ്രോഗ്രാം


തിരുവനന്തപുരം: അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി (IFFK-2009) മാധ്യമ വിദ്യാര്‍ഥികള്‍ക്കായി പ്രസ്‌ മെന്റര്‍ഷിപ്പ്‌ പ്രോഗ്രാം സംഘടിപ്പിക്കുന്നു.
സംസ്ഥാനത്തൊട്ടാകെ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 50 വിദ്യാര്‍ഥികള്‍ക്കാണ്‌ പ്രവേശനം ലഭിക്കുക. ചലച്ചിത്ര സംബന്ധിയായ രചനക്കായി വിദ്യാര്‍ഥികളുടെ ആസ്വാദന തലം മെച്ചപ്പെടുത്തുകയും പുതിയ അവബോധം സൃഷ്‌ടിക്കുകയുമാണ്‌ പ്രോഗ്രാമിന്റെ ലക്ഷ്യം. പ്രമുഖ ചലച്ചിത്ര സംവിധായകര്‍, നിരൂപകര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ മെന്റര്‍ഷിപ്പിന്റെ ഭാഗമാകും. രണ്ട്‌ ഘട്ടങ്ങളിലായിട്ടാണ്‌ പരിപാടി നടപ്പാക്കുക.
ആദ്യഘട്ട പരിശീലനം നവംബര്‍ 27, 28 തീയതികളില്‍ തിരുവനന്തപുരത്ത്‌ നടക്കും. പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്ന 50 പേരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 25 പേര്‍ക്ക്‌ ചലച്ചിത്രോത്സവ ദിനങ്ങളില്‍ തുടര്‍ പരിശീലനം നല്‍കും. ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍, ഐ എഫ്‌ എഫ്‌ കെ വെബ്‌സൈറ്റ്‌ തുടങ്ങിയവയില്‍ എഴുതുന്നതിനും പഠിതാക്കള്‍ക്ക്‌ അവസരം ലഭിക്കും.
പ്രസ്‌മെന്റര്‍ഷിപ്പ്‌ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ, ബയോഡാറ്റ എന്നിവയോടൊപ്പം തങ്ങളെ ഏറ്റവും സ്വാധീനിച്ച ഒരു ചലച്ചിത്രത്തെക്കുറിച്ചുള്ള രണ്ടുപേജില്‍ കവിയാത്ത ആസ്വാധനത്തെക്കുറിപ്പ്‌ സഹിതം സെക്രട്ടറി, ചലച്ചിത്ര അക്കാദമി, മണിഭവന്‍, ശാസ്‌തമംഗലം, തിരുവനന്തപുരം-10 എന്ന വിലാസത്തില്‍ ഈ മാസം 15നകം എത്തിക്കണം. വിശദവിവരങ്ങള്‍ക്ക്‌ 2310323, 2312214 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

Wednesday, November 4, 2009

IFFK 2009 ചലച്ചിത്ര അക്കാദമി സിനിമകളുടെ ഡാറ്റാബുക്ക്‌ തയ്യാറാക്കുന്നു


തിരുവനന്തപുരം: ഓരോ വര്‍ഷവും സംസ്ഥാനത്തിറങ്ങുന്ന മുഴുവന്‍ ചലച്ചിത്രങ്ങളുടേയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട്‌ കേരള ചലച്ചിത്ര അക്കാദമി ഡാറ്റാബുക്ക്‌ തയ്യാറാക്കുന്നു. ഇതിന്റെ ആദ്യപടിയായി ഈ വര്‍ഷമിറങ്ങിയ എല്ലാ വിഭാഗത്തിലും പെട്ട ചിത്രങ്ങളുടെ വിവരങ്ങളിലേറെയും ശേഖരിച്ചു കഴിഞ്ഞു. ചിത്രത്തിന്റെ നിര്‍മ്മാതാവ്‌, സംവിധായകന്‍, അഭിനേതാക്കള്‍ തുടങ്ങി കഥയുടെ ചെറിയൊരു ഭാഗമടക്കം മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുത്തിയാണ്‌ പുസ്‌തകം തയ്യാറാക്കുന്നത്‌. ഇംഗ്ലീഷിലായിരിക്കും ഡാറ്റാബുക്ക്‌ തയ്യാറാക്കുക. അടുത്തമാസം തിരുവനന്തപുരത്ത്‌ നടക്കുന്ന പതിനാലാമത്‌ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ ഇതിന്റെ പ്രകാശനം നിര്‍വ്വഹിക്കും. മലയാളത്തില്‍ ഓരോ വര്‍ഷവും പുറത്തിറക്കുന്ന ചിത്രങ്ങളുടെ വിവരങ്ങളറിയാന്‍ നിലവില്‍ ഒരു സംവിധാനവുമില്ലാത്ത സാഹചര്യത്തിലാണ്‌ പുതിയ പദ്ധതി. ചലച്ചിത്ര മേളക്കെത്തുന്ന വിശിഷ്‌ടാതിഥികള്‍ക്കും വിവിധ മാര്‍ക്കറ്റിംഗ്‌ ഏജന്‍സികള്‍ക്കുമെല്ലാം മലയാള സിനിമയെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യവും ഡാറ്റാബുക്കിനുണ്ട്‌. ഇനി മുതല്‍ എല്ലാ വര്‍ഷവും ഇത്തരത്തില്‍ മുഴുവന്‍ ഫീച്ചര്‍ ഫിലിമുകളുടെയും വിവരങ്ങള്‍ ശേഖരിച്ച്‌ പ്രസിദ്ധീകരിക്കുമെന്നും അക്കാദമി സെക്രട്ടറി കെ എസ്‌ ശ്രീകുമാര്‍ പറഞ്ഞു.
ഈ വര്‍ഷം മുതല്‍ ഐ എഫ്‌ എഫ്‌ കെയില്‍ പുതിയ അവാര്‍ഡ്‌
ഈ വര്‍ഷം മുതല്‍ പുതുതായി അന്താരാഷ്‌ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച്‌ ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം അന്തര്‍ദ്ദേശീയ തലത്തില്‍ നല്‍കും. രണ്ട്‌ ലക്ഷം രൂപയും പ്രശസ്‌തി പത്രവും ശില്‌പവുമായിരിക്കും പുരസ്‌കാരം. മലയാള ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനക്ക്‌ നിലവില്‍ ജെ സി ദാനിയേല്‍ പുരസ്‌കാരം സര്‍ക്കാര്‍ നല്‍കി വരുന്നുണ്ട്‌. ഈ വര്‍ഷം അന്തരിച്ച ചലച്ചിത്രതാരങ്ങളായ മുരളി, രാജന്‍ പി ദേവ്‌, അടൂര്‍ ഭവാനി, ലോഹിതദാസ്‌ എന്നിവരുടെ ഹോമേജും ഈ വര്‍ഷം ചലച്ചിത്രമേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. നാലു പേരെക്കുറിച്ചുമുള്ള ഓര്‍മ്മക്കുറിപ്പുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട്‌ നാല്‌ മോണുമെന്റ്‌ ബുക്കുകളും ചലച്ചിത്രമേളയോടനുബന്ധിച്ച്‌ അക്കാദമി പുറത്തിറക്കും.
സീറ്റ്‌ റിസര്‍വേഷന്‍ ഇത്തവണയും
തിയ്യേറ്ററുകളിലെ സീറ്റ്‌ റിസര്‍വേഷന്‍ ഈ വര്‍ഷവും ഉണ്ടാകും. എന്നാല്‍ മുന്‍ വര്‍ഷത്തെ പരാതികള്‍ മുഴുവന്‍ പരിഗണിച്ച്‌ ബാര്‍കോഡിംഗ്‌ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായിട്ടായിരിക്കും ഇതേര്‍പ്പെടുത്തുക. കഴിഞ്ഞ രണ്ട്‌ വര്‍ഷവും വിവാദമായ സാഹചര്യത്തില്‍ അക്കാദമിയുടെ കര്‍ശന നിരീക്ഷണത്തിലായിരിക്കും ഇത്തവണത്തെ ചലച്ചിത്ര മേളക്കുള്ള സിഗ്നേച്ചര്‍ ഫിലിം തയ്യാറാക്കുന്നത്‌. ഇതിനായി പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ തൃശൂര്‍ സ്വദേശി സഞ്‌ജു സുരേന്ദ്രനെ തിരഞ്ഞെടുത്തിട്ടുണ്ട്‌. ഇത്തവണ സിഗ്നേച്ചര്‍ ഫിലിം തയ്യാറാക്കുന്നതിനുള്ളയാളെ തിരഞ്ഞെടുത്തത്‌ പത്രങ്ങളില്‍ പരസ്യം നല്‍കിയിട്ടായിരുന്നു. ലഭിച്ച 14 എന്‍ട്രികളില്‍ നിന്നാണ്‌ സഞ്‌ജുവിന്റെ പ്രൊപ്പോസല്‍ ഒരു വിദഗ്‌ധ സമിതി തിരഞ്ഞെടുത്തത്‌. ഈ വര്‍ഷത്തെ ചലച്ചിത്രമേളക്കായി മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ ചീഫ്‌ പേട്രണും സാംസ്‌ക്കാരിക മന്ത്രി എം എ ബേബി അധ്യക്ഷനുമായുള്ള സംഘാടകസമിതി ഇന്നലെ രൂപീകരിച്ചു.

IFFK 2009; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു



തിരുവനന്തപുരം: പതിനാലാമത്‌ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന്റെ ഓണ്‍ലൈന്‍ ഡെലിഗേറ്റ്‌ രജിസ്‌ട്രേഷന്‍ ഇന്നു മുതല്‍ ആരംഭിക്കും. www.iffk.in എന്ന വെബ്‌സൈറ്റിലൂടെയാണ്‌ ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുക. അപേക്ഷകന്‌ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലും ഈ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്‌. ഓണ്‍ലെന്‍ രജിസ്‌ട്രേഷന്‍ നേരിട്ട്‌ ചെയ്യുന്നതിന്‌ വഴുതക്കാട്ടെ കലാഭവന്‍ തിയ്യേറ്ററില്‍ പ്രവര്‍ത്തിക്കുന്ന എഫ്‌ എഫ്‌ എസ്‌ ഐയുടെ റീജിയണല്‍ ഓഫീസില്‍ സൗകര്യമുണ്ടായിരിക്കുമെന്ന്‌ അക്കാദമി സെക്രട്ടറി ഡോ.കെ എസ്‌ ശ്രീകുമാര്‍ അറിയിച്ചു. 18 വയസിന്‌ മുകളില്‍ പ്രായമുള്ളവര്‍ക്ക്‌ മാത്രമേ ഡെലിഗേറ്റ്‌ പാസിന്‌ അപേക്ഷിക്കാനാവുകയുള്ളൂ. വിശദവിവരങ്ങള്‍ക്ക്‌ 0471-2321953 എന്ന നമ്പരില്‍ ബന്ധപ്പെടണം.